കഴഞ്ചിക്കുരു ഔഷധഗുണങ്ങൾ
കുറ്റിച്ചെടിയായി വളരുന്ന ഒരു സസ്യമാണ് കഴഞ്ചി .മലയാളത്തിൽ ഇതിനെ ആറ്റുപരണ്ട , നീർപരണ്ട , കാക്കമുള്ള് തുടങ്ങിയ പേരുകളിലും അറിയപ്പെടും . ഇംഗ്ലീഷിൽ Crested fever nut , Fever nut , Bonduc nut , Molucca bean എന്നീ പേരുകളിലും അറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം Caesalpinia crista എന്നാണ് .
എവിടെ വളരുന്നു .
ഉഷ്ണമേഖലാപ്രദേശങ്ങളിലുള്ള കാടുകളിലും സമതലങ്ങളിലും കഴഞ്ചി സാധാരണയായി കാണപ്പെടുന്നു .ഇന്ത്യ ,ശ്രീലങ്ക ,മ്യാന്മാർ , ബംഗാൾ എന്നിവിടങ്ങളിലെ കടലോര പ്രദേശത്തും വനങ്ങളിലും കഴഞ്ചി കാണപ്പെടുന്നു .കേരളത്തിലെ മിക്ക കാവുകളിലും കഴഞ്ചി വളരുന്നു .
സസ്യവിവരണം .
ഒരു കുറ്റിച്ചെടിയായോ ദാരുശ ആരോഹിയായോ വളരുന്ന ഒരു സസ്യമാണ് കഴഞ്ചി .ഈ സസ്യത്തിൽ മുഴുവൻ ബലമുള്ള കൂർത്ത മുള്ളുകളുണ്ട് .മുള്ളുകൾക്ക് ഇളം മഞ്ഞനിറവും പുറംതൊലിക്ക് ഇളം തവിട്ടുനിറവുമാണ് .
ഇലകൾക്ക് 30 സെ.മിയിലധികം നീളമുണ്ടാകും .ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ദ്വിപിച്ഛക സംയുക്തപത്രമാണ് .6 -8 ജോടി പിച്ഛകങ്ങളുണ്ട് .ഓരോ പിച്ഛകത്തിലും 12 -16 ജോടി പത്രകങ്ങൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു .
ജൂലായ് -സെപ്റ്റംബർ മാസങ്ങളിലാണ് പൂക്കാലം .ഇവയുടെ പൂക്കൾക്ക് മഞ്ഞ നിറമാണ് .ബാഹ്യദളങ്ങൾ സംയുക്തം .അഞ്ചെണ്ണമുണ്ട് .ദളങ്ങൾ 5 .കേസരങ്ങൾ 10 .സെപ്റ്റംബർ-ജനുവരിയിൽ ഇവയുടെ ഫലം പാകമാകുന്നു .ഇവയുടെ ഫലം രണ്ട് വാൽവുകളുള്ള പോഡാണ് .ഫലത്തിന്റെ ഉപരിതലം രോമിലമാണ് .ഫലത്തിൽ മുള്ളുകളുണ്ട് .ഒരു ഫലത്തിൽ ഒന്നു മുതൽ മൂന്ന് വിത്തുകൾ വരെ കാണും .
ഇവയുടെ കായകൾക്ക് എല്ലാം ഒരേ വലുപ്പമായിരിക്കും . വർഷങ്ങളോളം ഇവ കടൽ വെള്ളത്തിൽ നശിക്കാതെ കിടക്കും .കേരളത്തിലെ പഴയകാല തൂക്കമായ കഴഞ്ച് ഈ കായുടെ ഭാരമായിരുന്നു .
കൂർത്ത കട്ടിയുള്ള മുള്ളുകളുള്ള സസ്യമായതിനാൽ കണ്ടകീകരഞ്ജഃ എന്നും .ഇതിന്റെ കുരുവിൽ ധാരാളം സ്നേഹാംശമുള്ളതുകൊണ്ട് ഘൃതകരഞ്ജഃ എന്നും സംസ്‌കൃതത്തിൽ ഈ സസ്യത്തിന് പേരുകളുണ്ട്
രാസഘടകങ്ങൾ .
കഴഞ്ചിയിൽ ബോൻഡുസിൻ എന്ന കയ്‌പ്പേറിയ ഒരു പതാർത്ഥം അടങ്ങിയിരിക്കുന്നു . ഇതിന്റെ വിത്തിന്റെ എണ്ണയിൽ പാൽമിറ്റിക് , ഒലിയോയിക് , സ്റ്റിയറിക് , ലിഗ്നോസെറിക് , ലിനോലെനിക് എന്നീ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട് .
രോഗപ്രധിവിധികൾ .
മുഖക്കുരു ,ഉദരകൃമി ,വൃക്ഷണവീക്കം ,പനി ,മസൂരി ,ലഘുമസൂരി ,ജലോദരം എന്നീ രോഗങ്ങൾക്ക് ഒരു ഉത്തമ പ്രധിവിധി .
ഔഷധഗുണങ്ങൾ .
കഫ വാത രോഗങ്ങൾ ശമിപ്പിക്കുന്നു .കഫവാത ശമനമായതുകൊണ്ട് നീര് ,വേദന ,വൃക്ഷണവീക്കം എന്നിവ ശമിപ്പിക്കുന്നു .പൈത്തിക വികാരങ്ങൾ ഉത്തേജിപ്പിക്കുന്നതുകൊണ്ട് പചനശക്തി വർധിപ്പിക്കുകയും ഉദരകൃമിയെ നശിപ്പിക്കുകയും ചെയ്യുന്നു .ഇത് വിരേചനീയമാണ് .യകൃത് പ്ലീഹവികാരങ്ങൾ ശമിപ്പിക്കുകയും വ്രണരോണൗഷധമായി പ്രവർത്തിക്കുകയും ചെയ്യുന്നു .
കഴഞ്ചി ചേരുവയുള്ള ഔഷധങ്ങൾ .
വിഷമജ്വരഘ്നിവടി , ധനദനയനാദി കഷായം ,ആന്ത്രകുഠാരം ഗുളിക ,ഹിമസാഗര തൈലം ,അയസ്‌കൃതി തുടങ്ങിയ ആയുർവേദ ഔഷധങ്ങളിൽ കഴഞ്ചി ഒരു പ്രധാന ചേരുവയാണ് .
ധനദനയനാദി കഷായം ഉപയോഗങ്ങൾ .
വാതവ്യാതികളുടെ ചികിൽത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് ധനദനയനാദി കഷായം.കഷായ രൂപത്തിലും ഗുളിക രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .പക്ഷാഘാതം ,മുഖത്തെ പക്ഷാഘാതം .പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളുടെ ചികിൽത്സയിൽ ധനദനയനാദി കഷായം ഉപയോഗിക്കുന്നു .
ആന്ത്രകുഠാരം ഗുളിക ഉപയോഗങ്ങൾ .
ഉദരസംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് ആന്ത്രകുഠാരം ഗുളിക.വയറുവേദന ,മലബന്ധം ,ദഹനക്കേട് തുടങ്ങിയവയുടെ ചികിൽത്സയിൽ ഉപയോകിക്കുന്നു .കൂടാതെ ഹെർണിയ ,പൈൽസ് ,സ്ത്രീകളിലെ ആർത്തവവേദന തുടങ്ങിയവായുടെ ചികിൽത്സയിലും ആന്ത്രകുഠാരം ഗുളിക ഉപയോഗിക്കുന്നു .
ഹിമസാഗര തൈലം ഉപയോഗങ്ങൾ .
വളരെ പ്രശസ്തമായ ഒരു ആയുർവേദ എണ്ണയാണ് ഹിമസാഗര തൈലം.വിവിധ നാഡി പേശി രോഗങ്ങളിലും വാതസംബന്ധമായ രോഗങ്ങളിലെ വേദനയും പുകച്ചിലും കുറയ്ക്കാനും ഹിമസാഗര തൈലം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .ഈ എണ്ണ പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .
വീഴ്ച്ച ,അമിത യാത്ര തുടങ്ങിയ കാരണങ്ങളാലുണ്ടാകുന്ന വേദനകളിലും ശരീരക്ഷീണങ്ങളിലും ഈ എണ്ണ ഫലപ്രദമാണ് .കഴുത്ത് ,തോള് എന്നിവിടങ്ങളിൽ ഉണ്ടാകുന്ന മരവിപ്പ് തുടങ്ങിയവയുടെ ചികിൽത്സയിലും ഹിമസാഗര തൈലം ഉപയോഗിക്കുന്നു .
കൂടാതെ കേശസംരക്ഷണത്തിനും മികച്ച ഒരു എണ്ണയാണ് ഹിമസാഗര തൈലം . ഇത് തലയിൽ പുരട്ടുന്നതിലൂടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും അകാല നര തടയുകയും ചെയ്യുന്നു .
കുളിക്കുന്നതിന് അരമണിക്കൂർ മുമ്പായിട്ടാണ് ഈ എണ്ണ തലയിൽ തേയ്‌ക്കേണ്ടത് .അതിൽ കൂടുതൽ സമയം ഉപയോഗിച്ചാലും കുഴപ്പമില്ല എണ്ണയുടെ ഗുണം വർദ്ധിപ്പിക്കുകയെയൊള്ളു .ഈ എണ്ണ ഉപയോഗിക്കുമ്പോൾ തലയിൽ സോപ്പ് ഉപയോഗിക്കാൻ പാടില്ല പകരം ഹെർബൽ ഹെയർ വാഷ് പൊടികൾ ഉപയോഗിക്കുന്നതാണ് ഉത്തമം .
ഉറക്കക്കുറവ് ,മാനസിക രോഗങ്ങൾ ,അമിത കോപം,സംസാരപ്രശ്നങ്ങൾ തുടങ്ങിയ മാനസിക രോഗങ്ങളുടെ ചികിൽത്സയിലും തലയിൽ പുരട്ടുവാൻ ഹിമസാഗര തൈലം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .
ശിരോധാര ,ശിരോപിചു തുടങ്ങിയ ആയുർവേദ പഞ്ചകർമ്മ ചികിൽത്സകളിലും ഹിമസാഗര തൈലം ഉപയോഗിച്ചുവരുന്നു .കോട്ടയ്ക്കൽ ആര്യവൈദ്യശാല ,നാഗാർജ്ജുന ,ആര്യവൈദ്യ ഫർമസി തുടങ്ങിയ കമ്പിനികളാണ് ഹിമസാഗര തൈലം നിർമ്മിക്കുന്നത് .
അയസ്‌കൃതി ഉപയോഗങ്ങൾ .
വിളർച്ച ,അമിതവണ്ണം ,ത്വക് രോഗങ്ങൾ തുടങ്ങിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അയസ്‌കൃതി.
കൂടാതെ മൂത്രാശയ തകരാറുകൾ ,രക്താർബുദം ,മൂലക്കുരു .വിരശല്ല്യം ,മലബന്ധം , ഗ്രഹണി ,പ്രമേഹം തുടങ്ങിയവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .ദക്ഷിണേന്ത്യൻ ആയുർവേദ സമ്പ്രദായത്തിലാണ് ഈ ഔഷധം സാധാരണ ഉപയോഗിക്കുന്നത് .
- Botanical name-Caesalpinia crista
- Family-Caesalpiniaceae (Gulmohar family)
- Synonyms-Caesalpinia bonducella ,Caesalpinia nuga, Guilandina nuga
- Common name-Crested fever nut , Fever nut , Bonduc nut , Molucca bean
- Malayalam-Aattuparanda , Kakkamullu , Kazhanchi , Neerparanda
- Hindi -Karanja , Katkaranja
- Tamil - Nut-konrai
- Telugu - Mulluthige
- Kannada - Kiri gejjuga , Sanna gejjuga
- Bengali-Bekamtanata , Kutumakamta
- Gujarati-Kanchaki
- Marathi - Ban-kareti
- Sanskrit-Kantaki karanja
രസാദിഗുണങ്ങൾ.
- രസം : കടു, തിക്തം
- ഗുണം : ലഘു , രൂക്ഷം , തീക്ഷ്ണം
- വീര്യം : ഉഷ്ണം
- വിപാകം : കടു
ചില ഔഷധപ്രയോഗങ്ങൾ .
വൃക്ഷണ വീക്കം.
കഴഞ്ചിക്കുരു അരച്ച് പുറമെ പുരട്ടുകയോ കഴഞ്ചിക്കുരു ആവണക്കെണ്ണയിൽ അരച്ച് പുറമെ പുരട്ടുകയോ ചെയ്താൽ വൃക്ഷണ വീക്കം മാറും .കഴഞ്ചിക്കുരു , പച്ചമഞ്ഞൾ , മൂക്കാത്ത പാക്ക് (അടയ്ക്ക )വെളുത്തുള്ളി ഇവ ഒരേ അളവിൽ മുട്ടയുടെ വെള്ളയും ചേർത്തരച്ച് തേനിൽ ചാലിച്ച് വൃഷ്ണങ്ങളിൽ ഒരാഴ്ച കട്ടിക്ക് പുരട്ടിയാൽ ഒരാഴ്ചകൊണ്ട് വൃക്ഷണ വീക്കം മാറും .
മുഖക്കുരു ഇല്ലാതാക്കാൻ .
കഴഞ്ചിക്കുരു പാലിൽ അരച്ച് മുഖക്കുരു ഉള്ള ഭാഗത്ത് കുറച്ചുദിവസം പതിവായി പുരട്ടിയാൽ മുഖക്കുരു മാറും .