ഇന്ത്യയിൽ സമുദ്ര തീരങ്ങളിലെ മണലോരങ്ങളിലും പുഴയുടെ കരയിലും സമതല പ്രദേശങ്ങളിലും തറയിൽ പടർന്നു വളരുന്ന ഒരു വള്ളിചെടിയാണ് അടമ്പ് .ഇതിന്റെ തണ്ടുകൾക്ക് നല്ല ബലമുള്ളതാണ് . ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Ipomoea pes-caprae എന്നാണ് . ഇംഗ്ലീഷിൽ ഇതിനെ Goat's foot vine , Railroad vine എന്നീ പേരുകളിൽ അറിയപ്പെടുന്നു .
അടമ്പ് പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പെടുത്തി രണ്ടുതരത്തിൽ കാണപ്പെടുന്നു . ചുവന്നപൂക്കളുണ്ടാകുന്ന അടമ്പും , വെള്ള പൂക്കളുണ്ടാകുന്ന അടമ്പും . ഇവയെ ചുവന്നടമ്പ് ,വെള്ളടമ്പ് എന്നിങ്ങനെ അറിയപ്പെടുന്നു . വെള്ളടമ്പ് വളരെ അപൂർവ്വമായേ കാണപ്പെടുന്നൊള്ളു . കേരളത്തിൽ കാസർകോട് ,കോഴിക്കോട് ,കൊല്ലം ജില്ലകളിൽ വെള്ളടമ്പ് കാണപ്പെടുന്നു .
അടമ്പിന്റെ ഇലകൾ ആടിന്റെ കുളമ്പുപോലെ ആകൃതിയുള്ളവയാണ് . അതിനാലാണ് Goat's foot vine എന്ന പേര് ഈ സസ്യത്തിന് ലഭിച്ചത് . എന്നാൽ കേരളത്തിൽ ചില ഭാഗങ്ങളിൽ കുതിരകുളമ്പ് ചെടി എന്ന പേരിലും അറിയപ്പെടുന്നു . കൂടാതെ ആറ്റടമ്പ് ,അടമ്പ് വള്ളി ,ആട്ടടമ്പ് , തച്ചുവള്ളി തുടങ്ങിയ പല പേരുകളിലും കേരളത്തിൽ ഈ സസ്യം അറിയപ്പെടുന്നു .
അടമ്പിന്റെ പൂക്കൾ കോളാമ്പിയുടെ ആകൃതിയിലാണ് . നവംബർ മുതൽ ഏപ്രിൽ വരെയാണ് ഈ സസ്യത്തിന്റെ പൂക്കാലം . ഇതിൻറെ കായകൾ ഉരുണ്ടതാണ് , ഒരു കായിൽ 5 വിത്തുകൾ വരെ കാണും . കടൽ തീരത്തെ മണൽ പ്രദേശങ്ങളിലാണ് ഈ സസ്യം കൂടുതലായും വളരുന്നത് .അതിനാൽ തന്നെ ഇതിന്റെ വിത്തുകൾ കടൽ വഴി ഒഴുകി ലോകമെമ്പാടുമുള്ള കടൽ തീരങ്ങളിൽ അടമ്പ് കാണപ്പെടുന്നു .
സാധാരണ സസ്യങ്ങളൊന്നും ഉപ്പുവെള്ളത്തിൽ വളരാറില്ല .എന്നാൽ അടമ്പിന് ഉപ്പിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് . പണ്ടുകാലങ്ങളിൽ മണ്ണൊലിപ്പ് തടയാൻ റെയിൽവേ പാതയ്ക്ക് ഇരുവശത്തും അടമ്പ് നട്ടു പിടിപ്പിച്ചിരുന്നു . അതിനാൽ വണ്ടിപ്പൂ ചെടി എന്ന ഒരു പേരും കൂടി ഈ സസ്യത്തിനുണ്ട് .
അടമ്പിന്റെ ഔഷധഗുണങ്ങൾ .
ഔഷധഗുണമുള്ളൊരു സസ്യമാണ് അടമ്പ് . ഇത് സമൂലം ഔഷധയോഗ്യമാണ് .മൂലക്കുരു ,പ്രമേഹം ,രക്തവാതം ,മലബന്ധം ,അജീർണം , അൾസർ , ചർമ്മരോഗങ്ങൾ ,മുറിവ് , ശരീരം ചുട്ടു നീറ്റൽ ,മൂത്ര തടസ്സം ,നീർക്കെട്ട് ,സന്ധിവേദന തുടങ്ങിയവയ്ക്ക് അടമ്പ് ഔഷധമായി ഉപയോഗിക്കുന്നു .
അടമ്പിന്റെ ഇലകൾ അരച്ച് ആട്ടിൻ പാലിൽ കലക്കി കഴിച്ചാൽ മൂലക്കുരു ശമിക്കും .അടമ്പിന്റെ ഇലകൾ വെള്ളത്തിൽ തിളപ്പിച്ച് സന്ധികളിൽ ആവി കൊള്ളിച്ചാൽ സന്ധിവേദന ശമിക്കും . ഇതിന്റെ കിഴങ്ങ് പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു . മൂത്ര തടസ്സത്തിന് ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു . ഇതിന്റെ ഇളം ഇലകൾ അരച്ച് വെളിച്ചെണ്ണയിൽ കാച്ചി വ്രണങ്ങൾക്കും , മുറിവുകൾക്കും ഉപയോഗിക്കുന്നു . ഇതിന്റെ വിത്തുകൾ മലബന്ധത്തിനും , വയറുവേദനയ്ക്കും ഔഷധമായി ഉപയോഗിക്കുന്നു .
അടമ്പ് | |
---|---|
Botanical name | Ipomoea pes-caprae |
Family | Convolvulaceae (Morning glory family) |
Common name | Railroad vine, Goat's foot vine |
Malayalam | Adumbuvalli,Aattadambu, Adambu, Kuthiraikulambu |
Hindi | Do Patti Lata |
Tamil | Attukkal |
Telugu | Balabantatige |
Kannada | Bangada |
Marathi | Maryada-vel |